Vision 2031 - The agricultural sector is taking a leap towards modernity and self-sufficiency

വിഷൻ 2031 -കാർഷിക മേഖല ആധുനികതയിലേക്കും സ്വയംപര്യാപ്തതയിലേക്കും കുതിച്ചുചാടുന്നു

കേരളത്തിലെ കാർഷികമേഖല ആധുനികതയിലേക്കും, സുസ്ഥിരതയിലേക്കും, സ്വയംപര്യാപ്തതയിലേക്കും കുതിച്ചുചാടുകയാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ആലപ്പുഴ കളർകോട് യെസ്കേ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച “വിഷൻ 2031” സംസ്ഥാന സെമിനാർ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥാ വ്യതിയാനം, തൊഴിൽ ക്ഷാമം, വിപണിയിലെ അനിശ്ചിതത്വം തുടങ്ങിയ വെല്ലുവിളികളെ കൃഷി വകുപ്പിന്റെ ഇടപെടലിലൂടെ ഫലപ്രദമായി മറികടന്നാണ് സംസ്ഥാനത്തെ കാർഷികമേഖല കർഷകരുടെ ജീവിതോപാധി ഉറപ്പുവരുത്തുകയും ഉൽപാദനക്ഷമതയും വരുമാനവും വർദ്ധിപ്പിക്കുകയും ചെയ്യുന്നത് മന്ത്രി വ്യക്തമാക്കി. 2023–24-ൽ കാർഷികമേഖല 4.65 ശതമാനം വളർച്ച കൈവരിച്ചുവെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചയാണിത്. ദേശീയ ശരാശരിയായ 2.1 ശതമാനത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷൻ 2026നും വിഷൻ 2033നും കീഴിൽ കർഷകരുടെ വരുമാനം 50 ശതമാനം വർദ്ധിപ്പിക്കാനും മൂല്യവർദ്ധിത മേഖല ശക്തിപ്പെടുത്താനും സർക്കാർ പദ്ധതികൾ നടപ്പിലാക്കി. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി 23,000-ത്തിലധികം കൃഷിക്കൂട്ടം ഗ്രൂപ്പുകൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്.

കാബ്കോ (Kerala Agro Business Company) മുഖേന കേരളത്തിലെ കാർഷിക ഉത്പന്നങ്ങൾക്ക് കേരളഗ്രോ ബ്രാന്റിൽ ആഗോള വിപണികളിലേക്ക് പ്രവേശനം സാധ്യമായി. ₹2365.5 കോടി രൂപയുടെ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കേരാ പ്രോജക്ടിലൂടെ കാലാവസ്ഥാ പ്രതിരോധ കാർഷിക മേഖലയ്ക്ക് പുത്തൻ ദിശബോധം നൽകികാൻ കഴിയും. നാല് ലക്ഷം കർഷകർക്ക് നേരിട്ടും 10 ലക്ഷം കർഷകർക്ക് പരോക്ഷമയും കേര പദ്ധതിയുടെ പ്രയോജനം ലഭിക്കും. വൺ കൃഷിഭവൻ–വൺ പ്രോഡക്ട് പദ്ധതിയിൽ 4000 മൂല്യവർദ്ധന ഉത്പന്നങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും, അതിൽ 1000 ഉത്പന്നങ്ങൾ Kerala Agro ബ്രാൻഡിൽ വിപണിയിലെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കതിർ ആപ്പ്, അഗ്രി സ്റ്റാക്ക്, സ്മാർട്ട് കൃഷിഭവനുകൾ എന്നിവ മുഖേന കാർഷിക മേഖലയിൽ ഡിജിറ്റൽ സംവിധാനങ്ങൾ ഉറപ്പാക്കി നാം ശക്തമായി മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹെക്ടറിന് 3117 കിലോഗ്രാം നെല്ല് ഉൽപാദന ശേഷിയിലേക്ക് സംസ്ഥാനം ഉയർന്നിട്ടുണ്ട്. 2015–16-ൽ 6.28 ലക്ഷം ടണ്ണായിരുന്ന പച്ചക്കറി ഉൽപാദനം 2024–25-ൽ 19.1 ലക്ഷം ടണ്ണായി വർദ്ധിപ്പിക്കാൻ കഴിഞ്ഞു. സംസ്ഥാനത്തെ പച്ചക്കറി സ്വയംപര്യാപ്തത യാഥാർത്ഥ്യമാകുന്നതിലേക്കാണ് ഇത് നമ്മെ നയിക്കുന്നത് മന്ത്രി കൂട്ടിച്ചേർത്തു. കൃഷി സമൃദ്ധി പദ്ധതി നിലവിൽ 107 പ്രാദേശിക സ്ഥാപനങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ട്. ഉടൻ 393 പഞ്ചായത്തുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ മൂന്നു ലക്ഷം തൊഴിൽ അവസരങ്ങൾ കൂടി സൃഷ്‌ടിക്കാനാകും മന്ത്രി അറിയിച്ചു. നവോധൻ പോലുള്ള പദ്ധതികളും അഗ്രി കേഡറ്റ് കോർപ്പ്സ് പോലുള്ള യുവജന പങ്കാളിത്ത പരിപാടികളും കാർഷികരംഗത്ത് പുതു തലമുറയെ ആകർഷിക്കുന്നതിന് സഹായകമാകും.

വിഷൻ 2031 കൃഷി വകുപ്പ് ലക്ഷ്യങ്ങൾ

· തരിശുഭൂമി രഹിത കേരളം

· കൃഷി മേഖലയിൽ അഞ്ച് ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ

· ഒരു ലക്ഷം കർഷകർക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനം

· 10,000 കേരള അഗ്രോ ഉത്പന്നങ്ങൾ, ₹10,000 കോടി രൂപയുടെ അന്താരാഷ്ട്ര കാർഷിക വ്യാപാരം

· കൃഷി സമൃദ്ധി 750 പഞ്ചായത്തുകളിലേക്ക് വ്യാപനം

· 100% പച്ചക്കറി സ്വയംപര്യാപ്തത

· 1 ലക്ഷം ഹെക്ടർ ഭൂമി നവോധൻ പദ്ധതിയിലൂടെ കൃഷിയോഗ്യമാക്കും

· 750 കേരാഗ്രാമങ്ങളിലൂടെ നാളികേര ഉത്പാദന വർദ്ധനവ്

· QR കോഡ് ട്രേസബിലിറ്റിയോടുകൂടിയ 1 ലക്ഷം ഹെക്ടർ ജൈവ കൃഷി

ഡ്രോൺ, IoT, AI തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ 20 ശതമാനം കാർഷികഭൂമികളിൽ പ്രയോഗിച്ച് ഉൽപാദനച്ചെലവ് കുറയ്ക്കുമെന്നും എല്ലാ വിളകൾക്കും സമഗ്ര ഇൻഷുറൻസ്, 30 വിളകൾക്ക് എം.എസ്.പി., കൂടുതൽ കടബാധ്യതാശ്വാസ പദ്ധതികൾ എന്നിവ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. അമ്പലപ്പുഴ എം.എൽ.എ. എച്ച്. സലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ്. സ്വാഗതവും പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് ഐ.എ.എസ്. വകുപ്പിന്റെ നേട്ടങ്ങളെ സംബന്ധിച്ച വിഷയാവതരണവും നടത്തി. ആലപ്പുഴ എം.എൽ.എ. പി.പി. ചിത്തരഞ്ജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, വൈസ് പ്രസിഡന്റ് എൻ. എസ്. ശിവപ്രസാദ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജ്, സംസ്ഥാന വില നിർണയ ബോർഡ് ചെയർമാൻ ഡോ. പി. രാജശേഖരൻ, കെ.എൽ.ഡി.സി. ചെയർമാൻ പി.വി. സത്യനേശൻ, കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറി വി. വിഘ്നേശ്വരി ഐ.എ എസ്., മുതിർന്ന കർഷകൻ കെ.എം. ചെല്ലപ്പൻ തുടങ്ങിയവർ സംസാരിച്ചു.

വിജ്ഞാനപ്രദമായി കാർഷിക പാനൽ ചർച്ചകൾ

വിഷൻ 2031 സംസ്ഥാനതല കാർഷിക സെമിനാറിനോട് അനുബന്ധിച്ച് ആലപ്പുഴ യെസ്കെ കൺവെൻഷൻ സെന്ററിൽ വിവിധതലങ്ങളിലുള്ള വിദഗ്ധരെയും വിവിധ ജില്ലകളിലെ കർഷകരെയും കർഷകസംരംഭകരെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പാനൽ ചർച്ചകൾ ശ്രദ്ധേയമായി. സുസ്ഥിര കാലാവസ്ഥ അനുരോധ കൃഷി ന്യൂതന സാങ്കേതികവിദ്യയിലൂടെ എന്ന വിഷയത്തിൽ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറി വി വിഘ്ന്വേശ്വരി ഐഎഎസ് അധ്യക്ഷത വഹിച്ചു. കേര, കെഎ യു അസിസ്റ്റന്റ് പ്രൊഫസർ ഡോ ദിവ്യ കെ എം, ആന്ധ്ര പ്രദേശ് ഗുണ്ടൂർ ആർ വൈ എസ് എസ് സീനിയർ അസോസിയേറ്റ് അച്യുതൻ ആർ, 2020 കർഷകത്തമ്മ അവാർഡ് ജേതാവ് പി ബി അനീഷ്, സംസ്ഥാന കർഷക അവാർഡ് ജേതാക്കളായ സിസിൽ ചന്ദ്രൻ, രാഹുൽ എൻ വി, കർഷകരായ അജി എൻ, സനൽ ബോസ് തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

കർഷകസംരംഭങ്ങൾ, മൂല്യ ശൃംഖലകളുടെ വികസനം, ധനകാര്യ സംവിധാനങ്ങൾ എന്ന വിഷയത്തിൽ കാസർഗോഡ് സിപിസിആർഐ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ തമ്പാൻ സി അധ്യക്ഷത വഹിച്ച പാനൽ ചർച്ചയിൽ അഖിലേന്ത്യ സുഗന്ധവ്യഞ്ജന കയറ്റുമതി ഫോറം എക്സിക്യൂട്ടീവ് അംഗം പ്രകാശ് നമ്പൂതിരി, 2024 സംസ്ഥാന കർഷക അവാർഡ് ജേതാവ് തട്ടേക്കാട് അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മാനേജിങ് ഡയറക്ടർ കെ സാബു വർഗീസ്, ഫലവർഗവിളകളുടെ കയറ്റുമതി സംരംഭക മരിയ കിടങ്ങാലിൽ, സിന്തൈറ്റ് ഇൻഡസ്ട്രീസ് ഡെപ്യൂട്ടി മാനേജർ ഏലിയാസ് സി പി, PMFBY,CPMU സ്റ്റേറ്റ് നോഡൽ ഓഫീസർ ബിന്ദു എം. സ്സ്, ഗ്രീൻ ബൗൾ കൃഷിക്കൂട്ടം സ്ഥാപക ആര്യ എംഎസ്, ഫ്യൂസലേജ് ഇന്നൊവേഷൻസ് പ്രൊജക്റ്റ്‌ എഞ്ചിനീയർ മിഥുൽ ജോഷി തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പാനൽ റിപ്പോർട്ടും അവതരണവും സമാഹരണവും കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ അമ്പിളി സി നന്ദി രേഖപ്പെടുത്തി.