Farmers are the real stars of the soil

മണ്ണിലെ യഥാർത്ഥ താരങ്ങൾ കർഷകർ

മനുഷ്യരെല്ലാവരും കൃഷിയുടെയും കർഷകരുടെയും ആനുകൂല്യം കൈപ്പറ്റുന്നവരാണ് അതുകൊണ്ട് കർഷകരാണ്
മണ്ണിലെ യഥാർത്ഥ താരങ്ങളെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് കൃഷിവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാ കാർഷികമേള പൊലിക 2025 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം കർഷക്ന് ലഭിച്ചാൽ മാത്രമേ അവരുടെ ജീവിതനിലവാരം മെച്ചപ്പെടൂ അതിനായി ഉൽപ്പന്നങ്ങളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റി വിപണനം നടത്താൻ സാധിക്കണം. കാർഷികമേളകൾ കർഷകരെ സഹായിക്കുവാൻ വിപണിയിലുള്ള ഒരു ഇടപെടലാണ്.
കർഷകർക്കായി കൃഷിവകുപ്പ് ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം എന്ന പദ്ധതി ആരംഭിക്കുകയും, ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ കേരളാഗ്രോ ബ്രാൻഡിൽ വിപണിയിൽ എത്തിക്കുവാനും തീരുമാനിച്ചു. ഇതിലൂടെ 4000 ലധികം ഉൽപ്പന്നങ്ങൾ മികച്ച പാക്കിങ്ങിലൂടെ വിപണിയിൽ എത്തിക്കുവാൻ സാധിച്ചു. ദേശീയതലത്തിൽ കേരളത്തിന് കാർഷിക മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.