നാളികേര സംഭരണ പരിധി ഉല്പാദനക്ഷമതയുടെ അടിസ്ഥാനത്തിൽ പുതുക്കി നിശ്ചയിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി
നവകേരള സദസ്സിൽ കേര കർഷക പ്രതിനിധികൾ ആവശ്യപ്പെട്ടത് പ്രകാരം നാളികേര സംഭരണ പരിധി ഒരു തെങ്ങിൽ നിന്ന് വർഷത്തിൽ 70 നാളികേരം എന്നത് ഉല്പാദനക്ഷമതയുടെ അടിസ്ഥാനത്തിൽ പുതുക്കി നിശ്ചയിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കുമ്പോൾ തെങ്ങൊന്നിന് വർഷത്തിൽ 50 നാളികേരം എന്ന തോതിലായിരുന്നു സംഭരണം ആരംഭിച്ചത്. കർഷകരുടെ ആവശ്യം പരിഗണിച്ച് ഈ സർക്കാർ അത് 70 ആക്കി ഉയർത്തിയിരുന്നു. ഉല്പാദനക്ഷമത ഉയർന്ന പ്രദേശങ്ങളിലെ കർഷകരുടെ നാളികേരം മുഴുവനായും സംഭരിക്കാൻ കഴിയുന്നില്ലെന്നതായിരുന്നു കേരകർഷകർ ഉന്നയിച്ച ആവശ്യം.
കൃഷി അഡീഷണൽ ഡയറക്ടർ (ക്രോപ്പ് പ്രൊഡക്ഷൻ), ഡോ പി. രാജശേഖരൻ (സംസ്ഥാന കാർഷിക വില നിർണയ ബോർഡ് ചെയർമാൻ), ലൂയിസ് മാത്യു (കൃഷി അഡീഷണൽ ഡയറക്ടർ മാർക്കറ്റിംഗ്), ഡോ. ജേക്കബ് ജോൺ (ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ കേരള കാർഷിക സർവകലാശാല), ടി പി വിനോദൻ (സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് അംഗം), ഡോ. സി തമ്പാൻ (പ്രിൻസിപ്പൽ സയന്റിസ്റ്റ് CPCRI) എന്നിവരടങ്ങുന്നതാണ് വിദഗ്ധ സമിതി. ഈ സമിതി സംസ്ഥാനതലത്തിൽ ഉത്പാദനക്ഷമത കൂടിയ മേഖലകളെ തിട്ടപ്പെടുത്തുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ ഫീൽഡ് തല പരിശോധന നടത്തി രണ്ട് മാസത്തിനകം റിപ്പോർട്ട് തയ്യാറാക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.