പച്ചക്കറികളും പഴങ്ങളും ഇനി കേടുകൂടാതെ ഒരു മാസം വരെ സൂക്ഷിക്കാം, അതും വളരെ കുറഞ്ഞ ചെലവിൽ; വൈഗ വേദിയിൽ കർഷകർക്കായി പുതിയ സാങ്കേതികവിദ്യകൾ കൃഷി വകുപ്പ് പരിചയപ്പെടുത്തി.
കഴിഞ്ഞദിവസം (27.02.2023) നടന്ന പഴം-പച്ചക്കറി വിളകളിലെ വിളവെടുപ്പാനന്തര ഇടപെടലുകൾ എന്ന വൈഗ സെമിനാറിൽ പ്രദർശിപ്പിച്ച നൂതന സാങ്കേതിക വിദ്യയാണ് കർഷകർക്കായി വൈഗ വേദിയിൽ പരിചയപ്പെടുത്തിയത്. IIT കാൺപൂർ പി എച്ച് ഡി സ്കോളറായ നിഖി കുമാർ ഝായാണ് വൈഗ വേദിയിൽ കൃഷി വകുപ്പ് മന്തി പി പ്രസാദിന്റെ സാന്നിധ്യത്തിൽ ‘സബ്ജി കോത്തി’ എന്ന സാങ്കേതികവിദ്യ പുതുതായി പരിചയപ്പെടുത്തിയത്. 20 വാട്ട് വൈദ്യുതിയും കുറച്ച് വെള്ളവും ഉപയോഗിച്ച് 3 മുതൽ 30 ദിവസം വരെ പഴങ്ങളുടെയും പച്ചക്കറികളുടെയും പുതുമ നിലനിർത്താനും സൂക്ഷിച്ചു വയ്ക്കുവാനും കഴിയുന്ന, മൈക്രോ ക്ലൈമെറ്റ് അടിസ്ഥാനമാക്കിയുള്ള സംഭരണിയാണ് സബ്ജികോത്തി. എളുപ്പത്തിൽ ഏടുത്തുകൊണ്ട് പോകാൻ കഴിയുന്ന വിധം ഈ ഉപകരണം വളരെ ലളിതവുമാണ്.
സാധാരണ വാഹനങ്ങൾ മുതൽ ട്രക്ക് വരെയുള്ള ഏത് സൗകര്യങ്ങളിലും ഇത് കൂട്ടിച്ചേർക്കാൻ കഴിയുമെന്നതാണ് സാങ്കേതികവിദ്യയുടെ പ്രത്യേകത. അതിനാൽ തന്നെ പഴങ്ങളും പച്ചക്കറികളും കേട് സംഭവിക്കാതെ പുതുമയുള്ളതായി നിലനിർത്താൻ കഴിയും. ഈ സ്റ്റോറേജ് ഒരു ചെറിയ കാർ ബാറ്ററി ഉപയോഗിച്ച് ദിവസങ്ങളോളം പ്രവർത്തിപ്പിക്കാം, കൂടാതെ സൗരോർജ്ജത്തിന്റെ ഓപ്ഷനുമുണ്ട്. തെരുവ് കച്ചവടക്കാർ, കച്ചവടക്കാർ, ചെറുകിട നാമമാത്ര കർഷകർ എന്നിവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ സ്റ്റോറേജ് പരിസ്ഥിതി സൗഹൃദ രീതിയിൽ കർഷകരുടെ നഷ്ടം കുറക്കുവാനും, വരുമാനം 50% വരെ വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
(നിഖി കുമാർ ഝാ Ph: 8826217394)
തൃശ്ശൂർ പട്ടിക്കാട് ആശാരിക്കാട് സ്വദേശി ജോസ് കെ സി എന്ന കർഷകൻ വികസിപ്പിച്ച കുരുമുളക് വിളവെടുക്കുന്നതിനും ശേഖരിക്കുന്നതിനുള്ള ഉപകരണമാണ് മറ്റൊന്ന്. വൃക്ഷങ്ങളിൽ ഏണി വെച്ച് പ്രയാസപ്പെട്ട് കുരുമുളക് ശേഖരിക്കുന്നതിൽ നിന്ന് വിഭിന്നമായി, വളരെ എളുപ്പത്തിൽ ഈ ഉപകരണം മരത്തിന് ചുവട്ടിൽ നിന്നുകൊണ്ടുതന്നെ കുരുമുളക് വിളവെടുക്കാം. തോട്ടി പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ കുരുമുളക് താഴെ വീഴുകയും ചിതറിപോകുകയും ചെയ്യാറുണ്ട്. എന്നാൽ ഈ ഉപകരണത്തിൽ വിളവെടുക്കുന്ന കുരുമുളക് ശേഖരിക്കാനും ഇതിൽ തന്നെ സൗകര്യമുണ്ട്. ഈ സാങ്കേതിക വിദ്യയ്ക്ക് ഇദ്ദേഹം പേറ്റന്റിന് അപേക്ഷിച്ചിട്ടുമുണ്ട്.
(ജോസ് കെ സി Ph: 7025854007)