കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 25 മുതൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിക്കുന്ന ‘വൈഗ 2023’ൽ കാർഷിക പ്രാധാന്യമുള്ള 18 വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. ദേശീയ – അന്തർദേശീയ തലത്തിലെ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ കാർഷിക മേഖലയിലെ പുതിയ ട്രെന്റുകൾ, വ്യത്യസ്ത ആശയങ്ങൾ, കൃഷി രീതികൾ എന്നിവ കർഷകർക്കും സംരംഭകർക്കും പകർന്നു നൽകും.
കാർഷിക മൂല്യ വർദ്ധന ശൃംഖലയുടെ വികസനം എന്ന ആശയത്തിൽ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന ആറാമത് വൈഗയുടെ ഭാഗമായി, കർഷകരുടെ ഉല്പന്നങ്ങൾ സംഭരിക്കാനും മൂല്യ വർദ്ധനവ് നടത്തുവാനും ഉദ്ദേശിക്കുന്ന സംരംഭകരെ കർഷകരുമായി ബന്ധിപ്പിക്കുവാൻ ബിസിനസ്സ്2ബിസിനസ്സ് (ബി2ബി) മീറ്റ് സംഘടിപ്പിക്കും. കാർഷിക സംരംഭകരെ സഹായിക്കുവാനും വഴികാട്ടിയാകുവാനും ഡി.പി.ആർ ക്ലിനിക്കുകൾ സംഘടിപ്പിക്കും. കാർഷിക മേഖലയിലെ സംരംഭകത്വ വികസനത്തിന് മുതൽക്കൂട്ടാകുകയാണ് വൈഗ 2023 ഡി പി ആർ ക്ലിനിക് വഴി ലക്ഷ്യമിടുന്നത്.തുടർന്ന് രണ്ട് മാസ ഇടവേളകളിൽ ക്ലിനിക്ക് സംഘടിപ്പിക്കും.
മൂല്യ വർദ്ധിത കാർഷിക ഉത്പന്നങ്ങൾ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഉടൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ‘കേരൾ ആഗ്രോ’ ബ്രാൻഡിൽ എത്തിക്കും. കൃഷി വകുപ്പ് ഫാമുകൾ, ജൈവ ഉത്പാദന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ 100 ഉത്പന്നങ്ങളായിരിക്കും ഓൺലൈൻ വിപണിയിൽ ആദ്യഘട്ടത്തിൽ ലഭ്യമാക്കുക. അടുത്ത ഘട്ടത്തിൽ കർഷകരുടെ ഉൽപ്പന്നങ്ങൾ കൂടി ബ്രാൻഡിൽ ഉൾപ്പെടുത്തി ഓൺലൈനിൽ ലഭ്യമാക്കും. ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം എന്ന രീതിയിൽ കർഷകരുടെയും കൃഷിക്കൂട്ടങ്ങളുടെയും ഉൽപ്പന്നങ്ങൾ ഓൺലൈനിലെത്തിക്കും. 500 ഓളം കൃഷിഭവനുകളിലെ ഉൽപ്പന്നങ്ങൾ വൈഗയിൽ ലഭ്യമാക്കും.
കാർഷികമേഖലയിലെ പ്രധാന പ്രശ്നനങ്ങൾക്ക് സാങ്കേതികമായ പരിഹാരം കാണുന്നതിന് അഗ്രി-ഹാക്കത്തോണും വൈഗയോടനുബന്ധിച്ച് നടത്തും. വ്യത്യസ്ത പ്രശ്നങ്ങൾക്ക് 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ഹാക്കത്തോൺ വേദിയിൽ വച്ച് പരിഹാരമാർഗ്ഗങ്ങൾ വികസിപ്പിക്കും. നിലവിൽ ലഭിച്ച അപേക്ഷകളുടെയും പരിഹാരമാർഗ്ഗങ്ങളുടെയും പ്രാഥമിക പരിശോധന വിദഗ്ധരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി.