Solution within 24 hours at Krishidarshan

കൃഷിദർശനിൽ 24 മണിക്കൂറിനുള്ളിൽ പരിഹാരം

പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷി ചെയ്യുന്ന ഹ്രസ്വ- വാര്‍ഷിക വിളകള്‍ക്ക് കൃഷിവകുപ്പ് നടപ്പിലാക്കുന്ന എല്ലാ പദ്ധതികളുടെയും ആനുകൂല്യം ലഭ്യമാക്കും. കൃഷി സ്ഥലം പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും പട്ടയം ലഭിക്കാത്ത വനഭൂമിയില്‍ കൃഷി ചെയ്യുന്നവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയിന്‍മേല്‍ 24 മണിക്കൂറിനുള്ളിലാണ് പരിഹാരം കണ്ടത്. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് നികുതി രസീതോ, വാടക കരാറിന്റെ പകര്‍പ്പോ വനം വകുപ്പിന്റെ അനുമതിയോ വേണമെന്നുള്ള ആവശ്യമാണ് സര്‍ക്കാര്‍ പരിഷ്‌കരിച്ച് ഉത്തരവിറക്കിയത്. അസംരക്ഷിത വനഭൂമിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഹ്രസ്വകാല വിളകളായ നെല്ല്, പച്ചക്കറി, കിഴങ്ങുവര്‍ഗങ്ങള്‍ മുതലായവയ്ക്കും വാര്‍ഷിക വിളകളായ വാഴ ഉള്‍പ്പടെയുള്ള വിളകള്‍ക്ക് സംസ്ഥാന വിള ഇന്‍ഷുറന്‍സ്, പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരവും നൽകും. കര്‍ഷകരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷക സംഗമത്തില്‍ ഉന്നയിച്ച പ്രധാന പ്രശ്‌നമായിരുന്നു ആനുകൂല്യങ്ങള്‍ സംബന്ധിച്ചുള്ളത്.

വകുപ്പിന്റെ സേവനം കൂടുതല്‍ സ്മാര്‍ട്ടാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കൃഷി ഉദ്യോഗസ്ഥര്‍ കൃഷി ഇടങ്ങളിലേയ്ക്ക് എത്തുകയും
കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുകയും ചെയ്യും. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാദേശികമായി വിപണി ഒരുക്കുന്നതിനുള്ള നടപടികള്‍ നടത്തും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും പോരായ്മകള്‍ പരിഹരിക്കുകയും ചെയ്യും. പ്രാദേശിക സര്‍ക്കാരുകള്‍ എന്ന നിലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായവും സഹകരണവും ഇതിനായി ലഭ്യമാക്കും. പ്രശ്‌ന പരിഹാരത്തിനായി വിവിധ വകുപ്പുകളുടെ യോഗം ബ്ലോക്ക് തലത്തില്‍ ഉള്‍പ്പെടെ ചേരും.
ഭക്ഷണത്തിലും ജീവിതശൈലിയിലും വന്ന മാറ്റം മാരകമായ രോഗങ്ങള്‍ക്ക് നമ്മെ അടിമപ്പെടുത്തുകയാണ്. സാധ്യമാകുന്ന ഇടത്തെല്ലാം കൃഷി ചെയ്ത് വിഷരഹിതമായത് ഉല്‍പ്പാദിപ്പിച്ചെടുക്കുക എന്ന ക്യാമ്പയിനിലേയ്ക്ക് കേരളം മാറുകയാണ്. കൃഷിക്കൂട്ടങ്ങളെ സജീവമാക്കാനുള്ള ഇടപെടലുകള്‍ നടത്തുന്നതും അതിന്റെ ഭാഗമായാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണത്തിന്റെയും സംസ്‌കരണത്തിന്റെയും വിപണനത്തിന്റെയും കാര്യത്തില്‍ കൃഷിക്കൂട്ടങ്ങളിലൂടെ മികച്ച ഇടപെടലുകള്‍ നടത്താനാകും. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലൂടെ കര്‍ഷകന് കൂടി വരുമാനം ലഭിക്കണം. വിഷരഹിതമായ ഉല്‍പ്പന്നങ്ങള്‍ പ്രാദേശികമായി എത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ വിപണി ഉണ്ടാക്കാനാകൂ. അതിനുള്ള സംവിധാനങ്ങള്‍ വകുപ്പിന്റെ നേതൃത്വത്തിലുണ്ടാക്കും.

കര്‍ഷകരുടെ വരുമാനവര്‍ധന ഉറപ്പാക്കുന്നതിന് മൂല്യവര്‍ധിത കൃഷി മിഷന്‍ രൂപീകൃതമായിരിക്കുകയാണ്. കര്‍ഷകരുടെ വരുമാനം, കാര്‍ഷികോല്‍പ്പാദനക്ഷമത, ഉല്‍പ്പന്ന സംഭരണം, ഉല്‍പ്പന്നങ്ങളുടെ വില, മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങളുടെ വരുമാനം, മറ്റു അനുബന്ധ വരുമാനം എന്നിവയില്‍ വര്‍ദ്ധനവ് വരുത്തുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ 1076 കൃഷിഭവനുകളുണ്ട്. ഓരോ കൃഷിഭവനുകളും ഒരു മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളെങ്കിലും നിര്‍മ്മിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുമ്പോള്‍ കര്‍ഷകര്‍ക്ക് കൂടി അതിന്റെ പ്രയോജനം ലഭ്യമാക്കും. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഗൗരവകരമായ സമീപനം സ്വീകരിക്കുക എന്നതിന്റെ ഭാഗമായാണ് കൃഷിദര്‍ശന്‍ പരിപാടി ആവിഷ്‌കരിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ കൃഷിദര്‍ശന്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പൂര്‍ണമാകും. ഇതിന്റെ തുടര്‍പ്രക്രിയ എന്ന നിലയില്‍ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യും.

നാളികേര മൂല്യ വര്‍ദ്ധിത സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിലവിലെ കേര ഗ്രാമങ്ങള്‍ ശാക്തീകരിക്കുന്നതിനും നടപടിയുണ്ടാകും. ആവശ്യത്തിനനുസരിച്ച് സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനും നടപടിയെടുക്കും. കര്‍ഷകര്‍ക്ക് പരമാവധി വേഗത്തില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും.

വന്യമൃഗശല്യം, വൈദ്യുതി സബ്സിഡി, കാലവര്‍ഷക്കെടുതി നഷ്ടപരിഹാരം, വിത്തിനങ്ങളുടെ ഗുണമേന്‍മ തുടങ്ങി കർഷകർ ഉന്നയിച്ച വിഷയങ്ങളിൽ നടപടിയുണ്ടാകും. ജലസേചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വകുപ്പ് തലത്തില്‍ പ്രത്യേക യോഗം ചേരും. കൃഷി ഓഫീസര്‍മാരില്ലെന്ന പരാതിക്ക് ഡിസംബര്‍ മാസത്തോടെ പരിഹാരം കാണും. സംസ്ഥാനത്തിന്റെ പല ഇടങ്ങളില്‍ വിജയിപ്പിച്ച കൃഷി മാതൃകകള്‍ പരീക്ഷിക്കും. വനംവകുപ്പുമായി ബന്ധപ്പെട്ട് സഹായം എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും.