ജീവചരിത്രം

ശ്രീ. പി. പ്രസാദ്

വ്യക്തിജീവിതം

ആലപ്പുഴ ജില്ലയിലെ നൂറനാട് പാലമേലിൽ ജി പരമേശ്വരൻ നായരുടെയും ഗോമതിയമ്മയുടെയും മകനായി 1969-ല്‍ ജനിച്ചു. അച്ഛൻ പരമേശ്വരൻ നായർ എഐടിയുസി നേതാവും സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗവുമായിരുന്നു. 1989-ൽ പന്തളം എൻ.എസ്.എസ്. കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ സയൻസ് ബിരുദം പൂർത്തിയാക്കി.
സാമൂഹിക, പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിൽ, പത്തനംതിട്ട ജില്ലയിലെ ആറന്മുള അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്കെതിരായ സമരം, പ്ലാച്ചിമട കൊക്കകോള സമരം, ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരപ്രദേശങ്ങളിലെ മണൽ ഖനന വിരുദ്ധ സമരം തുടങ്ങി പരിസ്ഥിതി സംബന്ധമായ പ്രതിഷേധങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നു.മേധാ പട്കറിന്റെയും വന്ദന ശിവയുടെയും പരിസ്ഥിതി സംരക്ഷണ സമരങ്ങളിൽ പങ്കെടുത്തു. നർമ്മദാ ബച്ചാവോ ആന്ദോളനിൽ സജീവ സന്നദ്ധ പ്രവർത്തകനായിരുന്നു. സി.പി.ഐ സംസ്ഥാന പരിസ്ഥിതി ഉപസമിതി കൺവീനറായും പ്രവർത്തിക്കുന്നു, ആ പദവിയിൽ കുറിഞ്ഞിമല സങ്കേതം, മൂന്നാർ എന്നിവിടങ്ങളിലെ കൈയേറ്റക്കാർ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥി യുവജന സമരത്തിൽ പോലീസ് പലതവണ ക്രൂരമായി മർദ്ദിക്കുകയും 34 ദിവസം ജയിലിൽ അടയ്ക്കുകയും ചെയ്തു.ജനയുഗം തിരുവനന്തപുരം യൂണിറ്റ് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ -ലൈന, മക്കള്‍ -ഭഗത്, അരുണ അൽമിത്ര

രാഷ്ട്രിയ ജീവിതം

ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. നൂറനാട് സിബിഎം ഹൈസ്കൂളിൽ പഠിക്കുമ്പോൾ എഐഎസ്എഫ് താലൂക്ക് പ്രസിഡന്റായി. പന്തളം എൻഎസ്എസ് കോളജിൽ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി, അഖിലേന്ത്യ ആദിവാസി മഹാസഭ ദേശീയ എക്‌സിക്യൂട്ടീവ് അംഗം, കേരള സർവകലാശാല സെനറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.2016 ഡിസംബർ 26 മുതൽ 2021 മാർച്ച് 9 വരെ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2011ൽ വനം മന്ത്രി ബിനോയ് വിശ്വത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.2016 ഡിസംബർ 26 മുതൽ 2021 മാർച്ച് 9 വരെ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിന്റെ ചെയർമാനായിരുന്നു.രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി റഷ്യ, ക്യൂബ, നേപ്പാൾ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

പദവികള്‍

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം
സി.പി.ഐ സംസ്ഥാന പരിസ്ഥിതി ഉപസമിതി കൺവീനര്‍
കൃഷി വകുപ്പ് മന്ത്രി